ഇന്ത്യയടക്കമുള്ള വമ്പന്‍മാരെ പിന്നിലാക്കി ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രമെഴുതി അഫ്ഗാനിസ്താന്‍



ഡെറാഡൂൺ: ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രമെഴുതി അഫ്ഗാനിസ്താൻ ടീം. അയർലന്റിനെ ഏഴ് വിക്കറ്റിന് തകർത്ത് അഫ്ഗാനിസ്താൻ ആദ്യ ടെസ്റ്റ് വിജയം സ്വന്തമാക്കി. 147 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അഫ്ഗാനിസ്താൻ മൂന്ന് വിക്കറ്റ് നഷ്ടടത്തിൽ വിജയതീരത്തെത്തി. റഹ്മത്ത് ഷായുടേയും ഇഹ്സാനുള്ളയുടേയും സെഞ്ചുറി കൂട്ടുകെട്ടാണ് അഫ്ഗാന് അനായാസ വിജയം സമ്മാനിച്ചത്. തങ്ങളുടെ രണ്ടാമത്തെ മാത്രം ടെസ്റ്റിലാണ് അഫ്ഗാൻ ചരിത്ര വിജയം നേടിയത്. ആദ്യ ടെസ്റ്റ് ഇന്ത്യക്കെതിരെയായിരുന്നു. എന്നാൽ അന്ന് ഇന്നിങ്സിനും 262 റൺസിനും തോൽക്കാനായിരുന്നു വിധി.



നാലാം ദിനം കളിയാരംഭിക്കുമ്പോൾ അഫ്ഗാന് വേണ്ടിയിരുന്നത് 118 റൺസും അയർലന്റിന് വേണ്ടിയിരുന്നത് ഒമ്പത് വിക്കറ്റുമായിരുന്നു. രണ്ടാം അർധസെഞ്ചുറി നേടിയ റഹ്മത് ഷായാണ് ബാറ്റിങ്ങിലെ താരം. മറുവശത്ത് ഇഹ്സാനുള്ള മികച്ച പിന്തുണ നൽകി. ഇഹ്സാനുള്ള 65 റൺസുമായി പുറത്താകാതെ നിന്നപ്പോൾ 76 റൺസായിരുന്നു റഹ്മത് ഷായുടെ സമ്പാദ്യം. മുഹമ്മദ് നബി ഒരു റണ്ണെടുത്ത് റൺഔട്ടായി. രണ്ട് റൺസെടുത്ത മുഹമ്മദ് ഷഹ്സാദിനെ നേരത്തെ തന്നെ അഫ്ഗാന് നഷ്ടമായിരുന്നു. അതേസമയം, കളി നേരത്തെ തന്നെ അഫ്ഗാന്റെ വരുതിയിലാക്കിയത് ബൗളർമാരാണ്. അയർലന്റിന്റെ രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റാണ് ലെഗ് സ്പിന്നർ റാഷിദ് ഖാൻ വീഴ്ത്തിയത്. യാമിൻ അഹ്മദ്സായ് മൂന്ന് വിക്കറ്റെടുത്തു. രണ്ടിന്നിങ്സിലുമായി റാഷിദ് ഏഴു വിക്കറ്റും യാമിൻ ആറു വിക്കറ്റും നേടി.

ആദ്യ ഇന്നിങ്സിൽ അയർലൻഡ് 172 റൺസാണ് അടിച്ചത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാൻ 314 റൺസടിച്ചു. 98 റൺസടിച്ച റഹ്മത് ഷാ, അർദ്ധ സെഞ്ചുറി കണ്ടെത്തിയ ഹഷ്മതുള്ള ഷാഹിദി, അസ്ഗർ അഫ്ഗാൻ എന്നിവരാണ് അഫ്ഗാൻ ബാറ്റിങ്ങിൽ തിളങ്ങിയത്. ഇതോടെ 142 റൺസ് ലീഡ് വഴങ്ങി രണ്ടാമിന്നിങ്സിനിറങ്ങിയ അയർലൻഡ് 288 റൺസിന് പുറത്തായി. അർദ്ധ സെഞ്ചുറി നേടിയ ആൻഡ്ര്യൂ ബാൽബിർനി, കെവിൻ ഒബ്രിയൻ എന്നിവർക്കൊഴികെ ആർക്കും തിളങ്ങാനായില്ല.

ചരിത്ര വിജയത്തോടൊപ്പം ഇന്ത്യയടക്കമുള്ള വമ്പൻമാരേയും അഫ്ഗാൻ പിന്നിലാക്കി. രണ്ടാമത്തെ അന്താരാഷ്ട്ര ടെസ്റ്റിൽ തന്നെ വിജയിക്കുന്ന മൂന്നാമത്തെ ടീമെന്ന റെക്കോഡ് അഫ്ഗാൻ സ്വന്തം പേരിൽ കുറിച്ചു. ഇംഗ്ലണ്ട്, പാകിസ്താൻ എന്നീ ടീമുകളാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്. ഓസ്ട്രേലിയ തങ്ങളുടെ ആദ്യ ടെസ്റ്റിൽ തന്നെ വിജയിച്ചിരുന്നു. ഇതോടെ അഫ്ഗാൻ പിന്നിലാക്കിയത് ആദ്യ ടെസ്റ്റ് വിജയത്തിനായി ആറ് ടെസ്റ്റ് കാത്തു നിന്ന വിൻഡീസിനേയും 11 ടെസ്റ്റ് വരെ കാത്തു നിന്ന സിംബാബ്വെയേയും 12 ടെസ്റ്റ് കാത്തു നിന്ന ദക്ഷിണാഫ്രിക്കയേയുമാണ്. ഇന്ത്യയ്ക്ക് പോലും എത്തിപ്പിടിക്കാനാവത്തതാണ് അഫ്ഗാന്റെ നേട്ടമെന്നതും ശ്രദ്ധേയമാണ്. ഇന്ത്യ തങ്ങളുടെ ആദ്യ വിജയം നേടുന്നത് 25-ാമത്തെ ടെസ്റ്റിലാണ്.

2 Comments

To Top