ഐപിഎല്‍: ആദ്യജയം ചെന്നൈ സൂപ്പര്‍ കിങ്‌സിന്; ബാംഗ്ലൂരിനെ തകര്‍ത്തത് ഏഴ് വിക്കറ്റിന്



ഹൈദരാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ വിജയം നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്. ചെന്നൈ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ വിരാട് കോലി നയിക്കുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ ഏഴ് വിക്കറ്റിനാണ് ധോണിയും സംഘവും തകര്‍ത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബാംഗ്ലൂര്‍ 17.1 ഓവറില്‍ 70ന് എല്ലാവരും പുറത്തായി. ചെന്നൈ 17.4 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.



ഷെയ്ന്‍ വാട്‌സണ്‍ (0), സുരേഷ് റെയ്‌ന (19), അമ്പാട്ടി റായുഡു (28) എന്നിവരുടെ വിക്കറ്റുകള്‍ മാത്രമാണ് ചെന്നൈയ്ക്ക് നഷ്ടമായത്. രവീന്ദ്ര ജഡേജ (6), കേദാര്‍ ജാദവ് (13) എന്നിവര്‍ കൂടുതല്‍ വിക്കറ്റുകള്‍ നഷ്ടം കൂടാതെ ആതിഥേയരെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. വാട്‌സണെ യൂസ്‌വേന്ദ്ര ചാഹല്‍ ബൗള്‍ഡാക്കിയപ്പോള്‍ റെയ്‌ന, മൊയീന്‍ അലിയുടെ പന്തില്‍ ശിവം ദുബെയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി. റായുഡുവാകട്ടെ മുഹമ്മദ് സിറാജിന്റെ പന്തില്‍ ബൗള്‍ഡായി.

നേരത്തെ ചെന്നൈ സ്പിന്നര്‍മാരുടെ തകര്‍പ്പന്‍ പ്രകടനമാണ് ബാംഗ്ലൂരിനെ ചെറിയ സ്‌കോറില്‍ ഒതുക്കിയത്. ഹര്‍ഭജന്‍ സിങ്, ഇമ്രാന്‍ താഹിര്‍ എന്നിവര്‍ മൂന്നും രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റും വീഴ്ത്തി. നാലോവറില്‍ ഒമ്പത് റണ്‍ മാത്രം വിട്ടുനല്‍കിയാണ് താഹിറിന്റെ മൂന്ന് വിക്കറ്റ് പ്രകടനം. ബാംഗ്ലൂര്‍ നിരയില്‍ പാര്‍ത്ഥിവ് പട്ടേല്‍ (35 പന്തില്‍ 29) ഒഴികെ മറ്റാര്‍ക്കും രണ്ടക്കം കാണാന്‍ സാധിച്ചില്ല. കോലി (6), മൊയീന്‍ അലി (9), ഡിവില്ലിയേഴ്‌സ് (9), ഷിംറോണ്‍ ഹെറ്റ്മ്യര്‍ (0), ശിവം ദുബെ (2), കോളിന്‍ ഡി ഗ്രാന്‍ഡ്‌ഹോം (4) എന്നിവര്‍ പെട്ടന്ന് മടങ്ങി.

Post a Comment

To Top