Responsive Ad

വിജയശിൽപിയായി വിജയ് ശങ്കര്‍; രണ്ടാം ഏകദിനത്തിലും ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം



നാഗ്‌പൂര്‍: നാഗ്‌പൂര്‍ ഏകദിനത്തില്‍ അവസാന ഓവര്‍ ത്രില്ലറില്‍ ഇന്ത്യക്ക് എട്ട് റണ്‍സിന്‍റെ ത്രസിപ്പിക്കുന്ന ജയം. വിജയലക്ഷ്യമായ 251 റണ്‍സ് പിന്തുടര്‍ന്ന ഓസീസിന്‍റെ പോരാട്ടം 49.3 ഓവറില്‍ 242ല്‍ അവസാനിച്ചു. ഓസ്‌ട്രേലിയയെ സ്റ്റോയിനിസിന്‍റെ ഫിനിഷിംഗ് മികവ് രക്ഷിക്കുമെന്ന് തോന്നിച്ച ഘട്ടത്തില്‍ അവസാന ഓവറില്‍ പന്തെറിഞ്ഞ വിജയ് ശങ്കര്‍ കളി ഇന്ത്യയുടെ വരുതിയിലാക്കുകയായിരുന്നു. ഇന്ത്യക്കായി കുല്‍ദീപ് മൂന്നും ബുംറയും വിജയ് ശങ്കറും രണ്ടും ജഡേജയും ജാദവും ഓരോ വിക്കറ്റും വീഴ്‌ത്തി. സ്‌കോര്‍: ഇന്ത്യ- 250-10 (48.2), ഓസീസ്- 242-10 (49.3). ഇതോടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലെത്തി.



മറുപടി ബാറ്റിംഗില്‍ ഓസ്‌ട്രേലിയക്ക് മികച്ച തുടക്കം ലഭിച്ചു. നായകന്‍ ആരോണ്‍ ഫിഞ്ച് ഫോമിന്‍റെ സൂചനകള്‍ കാട്ടി. ഫിഞ്ചിനെ(37) കുല്‍ദീപ് എല്‍ബിയിലും ഖവാജയെ(38) കേദാര്‍ കോലിയുടെ കൈകളിലുമെത്തിച്ചു. ഒന്നാം വിക്കറ്റില്‍ 83 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. ആദ്യ വിക്കറ്റ് വീഴ്ത്താന്‍ ഇന്ത്യക്ക് 15-ാം ഓവര്‍ വരെ കാത്തിരിക്കേണ്ടിവന്നു. ഷോണ്‍ മാര്‍ഷ്(16), ഗ്ലെന്‍ മാക്‌സ്‌വെല്‍(4) എന്നിവര്‍ക്ക് തിളങ്ങാനായില്ല. 48 റണ്‍സെടുത്ത പീറ്റര്‍ ഹാന്‍ഡ്‌സ്‌കോമ്പ് 38-ാം ഓവറില്‍ ജഡേജയുടെ ത്രോയില്‍ റണ്‍‌ഔട്ടായതോടെ ഓസീസ് 171-5.

സ്റ്റോയിനിസ്- ക്യാരി സഖ്യമായി പിന്നീട് ഇന്ത്യക്ക് ഭീഷണി. എന്നാല്‍ 45-ാം ഓവറില്‍ ക്യാരിയെ(22) ബൗള്‍ഡാക്കി കുല്‍ദീപ് ഞെട്ടിച്ചു. തൊട്ടടുത്ത ഓവറില്‍ ബുംറയുടെ പന്തില്‍ നൈലും(4) പുറത്ത്. ഒരു പന്തിന്‍റെ ഇടവേളയില്‍ കമ്മിന്‍സും(0) പുറത്ത്. ഇതോടെ ഓസ്‌ട്രേലിയ വീണ്ടും പ്രതിരോധത്തില്‍(223-8 )‍. എന്നാല്‍ അര്‍ദ്ധ സെഞ്ചുറി പിന്നിട്ട് കുതിച്ച സ്റ്റോയിനിസ് ഇന്ത്യയെ ഭയപ്പെടുത്തി. പക്ഷേ, അവസാന ഓവറില്‍ ഓസീസിന് ജയിക്കാന്‍ 11 റണ്‍സ് വേണമെന്നിരിക്കേ സ്റ്റേയിനിസിനെ(52) ആദ്യ പന്തില്‍ വിജയ് ശങ്കര്‍ പുറത്താക്കി. ഒരു പന്തിന്‍റെ ഇടവേളയില്‍ സാംപയെയും(2) പുറത്താക്കി 49.3 ഓവറില്‍ വിജയ് ഓസീസ് ഇന്നിംഗ്സ് അവസാനിപ്പിച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 48.2 ഓവറില്‍ 250ന് എല്ലാവരും പുറത്തായി. ക്യാപ്റ്റന്‍ വിരാട് കോലിയുടെ (120 പന്തില്‍ 116) 40-ാം സെഞ്ചുറിയായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിലെ പ്രത്യേകത. കോലിയുമായി 81 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തിയ വിജയ് ശങ്കര്‍ 46 റണ്‍സെടുത്തു. ഓസീസിന് വേണ്ട് പാറ്റ് കമ്മിന്‍സ് നാലും ആഡം സാംപ രണ്ടും വിക്കറ്റ് വീഴ്ത്തി.

ഓപ്പണര്‍മാരായ രോഹിത് ശര്‍മയെ (0), ശിഖര്‍ ധവാന്‍ (21) എന്നിവര്‍ക്ക് തിളങ്ങാനായില്ല. മധ്യനിരയില്‍ അമ്പാട്ടി റായുഡു(18) കേദാര്‍ ജാദവും (11) എം.എസ് ധോണിയും (0) എന്നിങ്ങനെയായിരുന്നു സ്‌കോര്‍. 33-ാം ഓവറില്‍ സാംപയുടെ ആദ്യ പന്തിലാണ് ധോണി പുറത്തായത്. എന്നാല്‍ ജഡേജയുമായി ഒത്തിച്ചേര്‍ന്ന കോലി ഇന്ത്യയെ മുന്നോട്ട് നയിച്ചു. ഇരുവരും 67 റണ്‍സ് ഇന്ത്യന്‍ ടോട്ടലിനൊപ്പം ചേര്‍ത്തു.  എന്നാല്‍ റണ്‍നിരക്ക് ഉയര്‍ത്താനുള്ള ശ്രമത്തില്‍ ജഡേജ (21) പുറത്തായി. അധികം വൈകാതെ കോലിയും പവലിയനില്‍ തിരികെയെത്തി. കമ്മിന്‍സിനെ പുള്‍ ചെയ്യാനുള്ള ശ്രമത്തില്‍ സ്റ്റോയിനിസിന് ക്യാച്ച്. പുറത്താവുമ്പോള്‍ 120 പന്തില്‍ 10 ഫോറ് ഉള്‍പ്പെടെ 116 റണ്‍സ് നേടിയിരുന്നു കോലി. പിന്നീടെത്തിയവര്‍ ഓസീസ് ബൗളര്‍മാര്‍ക്ക് കീഴടങ്ങി. കുല്‍ദീപ് യാദവിനെ (3) കമ്മിന്‍സും ജസ്പ്രീത് ബുംറയെ (0) കൗള്‍ട്ടര്‍ നൈലും മടക്കി.

Post a Comment

0 Comments