ഐ-ലീഗ്:ഒടുവില്‍ ഗോകുലത്തിന് വിജയം
കോഴിക്കോട്: ഐ-ലീഗിൽ തരംതാഴ്ത്തൽ ഭീഷണി നേരിട്ടിരുന്ന ഗോകുലത്തിന് ഒടുവിൽ വിജയം. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ നെറോക്ക എഫ്.സിയെ ഒന്നിനെതിരേ രണ്ട് ഗോളിനാണ് ഗോകുലം പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമായിരുന്നു ഗോകുലത്തിന്റെ വിജയം.
23-ാം മിനിറ്റിൽ ഫെലിക്സ് ചിഡി ഒഡിലിയിലൂടെ നെറോക്ക ലീഡെടുത്തു. എന്നാൽ രണ്ടാം പകുതിയിൽ കളി ഗോകുലത്തിന്റെ പരിധിയിലായി. 46-ാം മിനിറ്റിൽ മാർകസിന്റെ അസിസ്റ്റിൽ ഡാനിയൽ അഡോ ഗോകുലത്തെ ഒപ്പമെത്തിച്ചു. 81-ാം മിനിറ്റിൽ ആതിഥേയരുടെ വിജയഗോൾ വന്നു. മാർകസ് ജോസഫായിരുന്നു ഗോൾസ്കോറർ. അഡോയുടെ പാസ്സിൽ നിന്നായിരുന്നു ഗോൾ.
സീസണിൽ ഗോകുലം നേടുന്ന മൂന്നാമത്തെ വിജയമാണിത്. ഇതോടെ 19 മത്സരങ്ങളിൽ നിന്ന് 17 പോയിന്റായി. നിലവിൽ ഒമ്പതാം സ്ഥാനത്താണ് ഗോകുലം. ഇപ്പോഴും തരംതാഴ്ത്തൽ ഭീഷണിയിൽ നിന്ന് ഗോകുലം പൂർണമായും രക്ഷപ്പെട്ടിട്ടില്ല
Post a Comment