Responsive Ad

കേരളത്തിന്റെ സ്വന്തം ‘ചൈനാമെൻ’; കോഴിക്കോട്ടുകാരൻ ജിയാസ്കോഴിക്കോട്: കുൽദീപ് യാദവ് ബാറ്റ്‌സ്മാൻമാരെ വട്ടം കറക്കുന്നതിനുമുമ്പേ ഒരു മലയാളിതാരം ‘ചൈനാമെൻ’ പന്തുകളെറിഞ്ഞുതുടങ്ങിയിരുന്നു. കോഴിക്കോട് നരിക്കുനി സ്വദേശി കെ.കെ. ജിയാസ്. കുൽദീപിന്റെ പന്തുകൾ രാജ്യം കടന്ന് ഹിറ്റായപ്പോൾ ജിയാസ് രഞ്ജി ട്രോഫി പോലും കളിക്കാനാവാതെ കളത്തിനു പുറത്തായി. ആഭ്യന്തര ക്രിക്കറ്റിലും ഇടം കിട്ടാതായപ്പോൾ 27-കാരൻ തന്റേതായ ഇടമുണ്ടാക്കി. കഴിഞ്ഞ കുറച്ച് കാലമായി ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന് നെറ്റ്‌സിൽ പന്തെറിഞ്ഞു കൊടുക്കലാണ് മലയാളി താരത്തിന്റെ ചുമതല. ഇന്ത്യയ്ക്കെതിരേ ജയിച്ച ഏകദിന പരമ്പരയിൽ സ്പിന്നർമാരെ നേരിടാൻ നന്നായി ഗൃഹപാഠം ചെയ്തായിരുന്നു ഓസീസ് ഇറങ്ങിയത്. ഇതിനായി പന്തെറിഞ്ഞുകൊടുത്തത് ജിയാസും ഹരിയാണക്കാരനായി പ്രദീപ് സാഹുവും. ഉസ്മാൻ ഖവാജ, ആരോൺ ഫിഞ്ച്, പരിശീലകൻ ജസ്റ്റിൻ ലാംഗർ തുടങ്ങിയവർ ജിയാസിന്റെ സേവനത്തെ പ്രശംസിക്കുകയും ചെയ്തു.2015 ഇന്ത്യൻ പ്രീമിയർലീഗിൽ ഡൽഹി ഡെയർഡെവിൾസ്


2015-ൽ ഇന്ത്യൻ പ്രീമിയർലീഗിൽ ഡൽഹി ഡെയർഡെവിൾസ് ജിയാസിനെ ടീമിലെടുത്തിരുന്നു. ദക്ഷിണാഫ്രിക്കയുടെ ഇമ്രാൻ താഹിറും അമിത് മിശ്രയുമടങ്ങുന്ന ടീമിൽ ആദ്യ ഇലവനിൽ അവസരം കിട്ടിയില്ല. പക്ഷേ, ആ സീസണിൽ ജിയാസ് മറ്റൊരാളെ കണ്ടുമുട്ടി, ശ്രീധരൻ ശ്രീറാം. ഓസ്‌ട്രേലിയയുടെ ഇപ്പോഴത്തെ ബൗളിങ് പരിശീലകൻ. അന്ന് ഡൽഹിയുടെ ബൗളിങ് കോച്ച്. ആ കണ്ടുമുട്ടൽ ജിയാസിന്റെ ജീവിതത്തിൽ വഴിത്തിരിവായി. ശ്രീറാം ജിയാസിനെ സഹായിച്ചു. പുതിയ പാഠങ്ങൾ പകർന്നുനൽകി. സീസൺ അവസാനിച്ചിട്ടും ശ്രീറാമുമായുള്ള ബന്ധം ജിയാസ് അവസാനിപ്പിച്ചില്ല.

2017 ഓസ്‌ട്രേലിയയുടെ ഇന്ത്യൻ പര്യടനം

2017 സെപ്റ്റംബറിൽ ഓസ്‌ട്രേലിയ ഇന്ത്യയിലേക്ക് ഏകദിന പരമ്പര കളിക്കാനെത്തി. കുൽദീപ് യാദവും യുസ്‌വേന്ദ്ര ചാഹലും അരങ്ങുവാഴുന്ന സമയം. ആ പരമ്പരയിൽ കുൽദീപ് ഭീഷണിയാകുമെന്ന് ഓസീസ് ടീം കരുതി. ഇതിനൊരുങ്ങാനായി ജിയാസിനെ ശ്രീറാം ചെന്നൈയിലേക്ക് വിളിപ്പിച്ചു. രണ്ടുദിവസം സ്റ്റീവൻ സ്മിത്തും ഡേവിഡ് വാർണറും മാക്സ്‌വെലുമടങ്ങുന്ന നിര ജിയാസിനെ മാറി മാറി നേരിട്ടു. ചൈനാമെൻ പന്തിന്റെ വേഗവും ദുരൂഹതയും അവർക്ക് മനസ്സിലായി.

പാകിസ്താനെതിരേ യു.എ.ഇ.യിൽ നടന്ന ടെസ്റ്റ് പരമ്പരയിലും ഓസ്ട്രേലിയ ജിയാസിന്റെ സഹായം തേടി. യാസിർ ഷാ, ബിലാൽ ആസിഫ്, മുഹമ്മദ് ഹഫീസ് എന്നിവരുടെ സ്പിൻ അറ്റാക്കിനെതിരേ ഒരുങ്ങാൻവേണ്ടിയായിരുന്നു ഈ സേവനം. ചെന്നൈയിൽ രണ്ടുദിവസം മാത്രമായിരുന്നെങ്കിൽ യു.എ.ഇ.യിൽ ജിയാസ് ടീമിനൊപ്പം മുഴുവൻ സമയവും ചെലവഴിച്ചു. നേഥൻ ലയൺ, ജോൺ ഹോളണ്ട്, മാർനസ് ലബൂഷെയ്ൻ എന്നിവരടങ്ങുന്ന ബൗളിങ് നിരയ്ക്കൊപ്പം പരിശീലനവും. പരമ്പരയിൽ ഓസ്‌ട്രേലിയ തോറ്റെങ്കിലും ബാറ്റ്‌സ്മാൻമാർ പാക് സ്പിന്നർമാരെ നേരിട്ടു. ഉസ്മാൻ ഖവാജയുടെയും ടിം പെയ്‌നിന്റെയും ചെറുത്തുനിൽപ്പിലായിരുന്നു ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയ സമനില പിടിച്ചത്. ഈ മത്സരത്തിനുശേഷം ഖവാജ ജിയാസിന്റെ സാന്നിധ്യത്തിന് നന്ദി പറഞ്ഞിരുന്നു.

ലോകകപ്പ് സ്വപ്നം

അടുത്ത വെള്ളിയാഴ്ച പാകിസ്താനെതിരേ തുടങ്ങുന്ന പരമ്പരയിലും ജിയാസ് ഓസ്‌ട്രേലിയൻ ടീമിനൊപ്പമുണ്ട്. ഇതുവഴി ഈ വർഷം നടക്കുന്ന ലോകകപ്പ് ടീമിനൊപ്പവും യാത്ര ചെയ്യുകയെന്നതാണ് ആഗ്രഹം. മാത്രമല്ല, കുൽദീപിന് പുറമെ, ദക്ഷിണാഫ്രിക്കൻ ടീമിൽ തബറെയ്‌സ് ഷംസിയും ശ്രീലങ്കൻ ടീമിൽ ലക്ഷൻ സണ്ടകനും ചൈനാമെൻ സ്പിന്നർമാരായി ലോകകപ്പിനെത്തുന്നുണ്ട്. എല്ലാം ടീമുകളും പരസ്പരം ഏറ്റുമുട്ടുന്നതുകൊണ്ടുതന്നെ ഇവർക്കെതിരായി തയ്യാറെടുക്കുന്നതിനുവേണ്ടി ഓസീസിന് ജിയാസിന്റെ സേവനം ആവശ്യമായി വരും.

രഞ്ജി മോഹം


ഇങ്ങനെയൊക്കെയാണെങ്കിലും ഇതുവരെ കേരളത്തിനായി രഞ്ജിയിൽ കളിക്കാനായിട്ടില്ല ജിയാസിന്. എറണാകുളം ജില്ലാ ലീഗിൽ മാസ്റ്റേഴ്‌സ് റോയൽ സെഞ്ചൂറിയനുവേണ്ടി കളിക്കുന്ന താരം അണ്ടർ-19, 22, 23, 25 തലത്തിൽ കേരളത്തിനായി കളിച്ചിട്ടുണ്ട്. നരിക്കുനി കാരപ്പക്കുഴിയിൽ വീട്ടിൽ അബ്ദുൽ അസീസിന്റെയും ഫാത്തിമയുടെയും മകനാണ്.

Post a Comment

0 Comments