വീണ്ടും തകര്‍ന്നടിഞ്ഞ് വിന്‍ഡീസ് പട; ട്വന്റി 20 പരമ്പര ഇംഗ്ലണ്ട് തൂത്തുവാരി
സെന്റ് കിറ്റ്സ്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20-യിലും തകർന്നടിഞ്ഞ് പേരുകേട്ട വിൻഡീസ് ബാറ്റിങ് നിര. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് 13 ഓവറിൽ വെറും 71 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 10.3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ഇതോടെ മൂന്നു മത്സരങ്ങളും ജയിച്ച ഇംഗ്ലണ്ട് പരമ്പര തൂത്തുവാരി.
മൂന്നോവറിൽ വെറും ഏഴു റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റെടുത്ത ഡേവിഡ് വില്ലിയാണ് വിൻഡീസിനെ തകർത്തത്. ആദ്യ പന്തിൽ തന്നെ ഷായ് ഹോപ്പിന്റെ വിക്കറ്റെടുത്താണ് വില്ലി തുടങ്ങിയത്.
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത വിൻഡീസ് രണ്ടാം മത്സരത്തിലെ പോലെതന്നെ തകർന്നടിയുകയായിരുന്നു. 11 റൺസ് വീതമെടുത്ത ജോൺ കാമ്പെൽ, ക്യാപ്റ്റൻ ജേസൺ ഹോൾഡർ, നിക്കോളാസ് പൂരൻ എന്നിവരാണ് വിൻഡീസിന്റെ ടോപ് സ്കോറർമാർ. ക്രിസ് ഗെയിൽ മൂന്നാം മത്സരത്തിൽ കളിച്ചില്ല.
തോൽവിയോടെ തുടർച്ചയായ രണ്ട് ട്വന്റി 20 മത്സരങ്ങളിൽ കുറഞ്ഞ സ്കോർ നേടുന്ന ടീമെന്ന നാണക്കേട് വിൻഡീസിന്റെ പേരിലായി. മറുപടി ബാറ്റിങ്ങിൽ അലക്സ് ഹെയ്ൽസ് (20), ജോണി ബെയർസ്റ്റോവ് (37) എന്നിവരുടെ വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തിയാണ് ഇംഗ്ലണ്ട് വിജയത്തിലെത്തിയത്.
Post a Comment