Responsive Ad

ഇന്ത്യ-ഓസീസ് നാലാം ഏകദിനം; സെഞ്ചുറിയുമായി ധവാന്റെ മടങ്ങിവരവ്; ഓസീസിന് 359 റണ്‍സ് വിജയലക്ഷ്യം


മൊഹാലി: ഇന്ത്യയ്ക്കെതിരായ നാലാം ഏകദിനത്തിൽ ഓസ്ട്രേലിയക്ക് 359 റൺസ് വിജയലക്ഷ്യം. ടോസ് നേടി ആദ്യ ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 358 റൺസെടുത്തു.



സെഞ്ചുറി നേടിയ ശിഖർ ധവാനും സെഞ്ചുറിക്ക് അഞ്ചു റൺസകലെ പുറത്തായ രോഹിത് ശർമയും ചേർന്നാണ് ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. 97 പന്തിൽ നിന്ന് 12 ബൗണ്ടറിയും ഒരു സിക്സും സഹിതമാണ് ധവാൻ ഏകദിന കരിയറിലെ 16-ാം സെഞ്ചുറി നേടിയത്. ഇന്ത്യൻ മണ്ണിനലെ ധവാന്റെ അഞ്ചാം സെഞ്ചുറിയായിരുന്നു ഇത്. ഓസീസിനെതിരെ മൂന്നാമത്തേതും. 115 പന്തുകളിൽ നിന്ന് 18 ബൗണ്ടറികളും മൂന്നു സിക്സുമടക്കം 143 റൺസെടുത്ത ധവാനെ പാറ്റ് കമ്മിൻസ് പുറത്താക്കുകയായിരുന്നു. ഏകദിനത്തിൽ ധവാന്റെ ഏറ്റവും ഉയർന്ന സ്കോറാണിത്.

ഇന്ത്യയ്ക്കായി മികച്ച തുടക്കമിട്ട ധവാൻ - രോഹിത് ഓപ്പണിങ് സഖ്യം 193 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് പിരിഞ്ഞത്. റാഞ്ചിയിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ ഓസീസിന്റെ ആരോൺ ഫിഞ്ച് - ഉസ്മാൻ ഖ്വാജ സഖ്യവും ഓപ്പണിങ് വിക്കറ്റിൽ 193 റൺസായിരുന്നു നേടിയത്. ഇന്ത്യയ്ക്കായി ഇത് ആറാം തവണയാണ് രോഹിത് - ധവാൻ സഖ്യം 150-ന് മുകളിൽ കൂട്ടുകെട്ടുണ്ടാക്കുന്നത്.

സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന രോഹിത്തിനെ ജേ റിച്ചാഡ്സണിന്റെ പന്തിൽ പീറ്റർ ഹാൻഡ്സ്കോമ്പ് പിടികൂടുകയായിരുന്നു. 92 പന്തുകൾ നേരിട്ട രോഹിത്ത് ഏഴു ബൗണ്ടറിയും രണ്ടു സിക്സുമടക്കം 95 റൺസെടുത്തു. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും സെഞ്ചുറി നേടിയ ക്യാപ്റ്റൻ വിരാട് കോലി ഏഴു റൺസെടുത്ത് പുറത്തായി.

പരമ്പരയിലാദ്യമായി അവസരം ലഭിച്ച ലോകേഷ് രാഹുൽ 26 റൺസെടുത്ത് പുറത്തായി. തകർത്തടിച്ച ഋഷഭ് പന്ത് 24 പന്തിൽ നിന്ന് 36 റൺസെടുത്ത് പുറത്തായി. അവസാന നിമിഷം തകർത്തടിച്ച വിജയ് ശങ്കറാണ് (15 പന്തിൽ 26 റൺസ്) ഇന്ത്യൻ സ്കോർ 350 കടത്തിയത്. ഇന്നിങ്സിന്റെ അവസാന പന്ത് സ്ക്സർ പറത്തിയ ബുംറ എല്ലാവരെയും ഞെട്ടിച്ചു.

നേരത്തെ രോഹിത്തും ധവാനും ആഞ്ഞടിച്ചപ്പോൾ 18-ാം ഓവറിൽ തന്നെ ഇന്ത്യ 100 കടന്നിരുന്നു. ഇതിനിടെ ഇന്ത്യയ്ക്കായി ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ സഖ്യമെന്ന നേട്ടവും ധവാൻ - രോഹിത് കൂട്ടുകെട്ട് സ്വന്തമാക്കി. 8227 റൺസെടുത്തിട്ടുള്ള സച്ചിൻ തെണ്ടുൽക്കർ - സൗരവ് ഗാംഗുലി സഖ്യം മാത്രമാണ് ഇവർക്കു മുന്നിലുള്ളത്. 4387 റൺസെടുത്തിട്ടുള്ള സച്ചിൻ - സെവാഗ് സഖ്യത്തെയാണ് രോഹിത്തും ധവാനും മറികടന്നത്.

ഏകദിനത്തിൽ ഇത് 15-ാം തവണയാണ് ധവാനും രോഹിതും ഓപ്പണിങ് വിക്കറ്റിൽ 100 റൺസിന് മുകളിൽ കൂട്ടുകെട്ടുണ്ടാക്കുന്നത്. 21 തവണ സെഞ്ചുറി കൂട്ടുകെട്ടുണ്ടാക്കിയ സച്ചിൻ തെണ്ടുൽക്കർ-സൗരവ് ഗാംഗുലി, 16 തവണ 100 റൺസ് പിന്നിട്ട ആഡം ഗിൽക്രിസ്റ്റ്-മാത്യു ഹെയ്ഡൻ എന്നിവരാണ് ധവാൻ-രോഹിത് ജോഡിക്ക് മുന്നിലുള്ളത്.

Post a Comment

0 Comments