ഇന്ത്യ ഓസീസ് പോരാട്ടം:പരമ്പര കൈവിട്ടിട്ട് 11 വര്‍ഷം; ഇന്നത്തെ ജയം ഇന്ത്യക്കനിവാര്യം
ബെംഗളൂരു: ഇന്ത്യയ്ക്കെതിരേ ഒരിക്കൽ മാത്രമാണ് ഓസ്ട്രേലിയ ട്വന്റി-20 ക്രിക്കറ്റ് പരമ്പര ജയിച്ചത്. പതിനൊന്നുവർഷം മുമ്പ് മെൽബണിൽ നടന്ന ഒരൊറ്റ മത്സര പരമ്പരയിലായിരുന്നു ഓസീസിന്റെ ജയം. 2008 ജനുവരിയിലായിരുന്നു അത്. അതിനുശേഷം ഇന്ത്യ രണ്ടു പരമ്പരകൾ ജയിച്ചു. മൂന്ന് തവണ ഇരുടീമുകളും സമനിലയിൽ പിരിഞ്ഞു. ഇപ്പോഴിതാ ഓസ്ട്രേലിയയ്ക്കുമുന്നിൽ സുവർണാവസരം വന്നിരിക്കുന്നു. ഇന്ത്യയിൽ ആദ്യമായി ട്വന്റി-20 പരമ്പര ജയിക്കാൻ. എന്നാൽ, ഏകദിന ലോകകപ്പിനുമുമ്പേ സ്വന്തം നാട്ടിൽ ഇന്ത്യ വിട്ടുകൊടുക്കാൻ തയ്യാറാകുമോ എന്ന് കാത്തിരുന്നു കാണേണ്ടിവരും.
ഇന്ന് രാത്രി ഏഴുമുതൽ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ ട്വന്റി-20 പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഇരു ടീമുകളും ഇറങ്ങും. അപ്രതീക്ഷിതമായിരുന്നു ആദ്യ മത്സരത്തിലെ ഇന്ത്യയുടെ തോൽവി. ബാറ്റ്സ്മാൻമാർ പരാജയപ്പെട്ടതായിരുന്നു തോൽവിയുടെ പ്രധാന കാരണം. ലോകേഷ് രാഹുൽ മാത്രം ഇന്ത്യൻ നിരയിൽ തിളങ്ങി. ഒരുവിക്കറ്റിന് 69 എന്ന മികച്ച നിലയിലുണ്ടായിരുന്ന ടീമിന് 126 റൺസെടുക്കാനേ സാധിച്ചുള്ളൂ.
മുൻ ക്യാപ്റ്റൻ മഹേന്ദ്ര സിങ് ധോനി 29 റൺസ് നേടിയെങ്കിലും 37 പന്ത് വേണ്ടിവന്നു. ക്യാപ്റ്റൻ വിരാട് കോലി 24 റൺസെടുത്തു. ബാക്കി ഒരു താരത്തിനും രണ്ടക്കം കടക്കാനായില്ല. രോഹിത് ശർമ, ഋഷഭ് പന്ത്, ദിനേശ് കാർത്തിക്, ക്രുണാൽ പാണ്ഡ്യ അടക്കമുള്ളവർ വൻപരാജയമായി. ചെറിയ ടോട്ടലായിരുന്നെങ്കിലും ഇന്ത്യൻ ബൗളിങ് വിശാഖപട്ടണത്തിൽ പൊരുതി. ജസ്പ്രീത് ബുംറ, യുസ്വേന്ദ്ര ചാഹൽ, ക്രുണാൽ പാണ്ഡ്യ അടക്കമുള്ളവർ മികച്ച പ്രകടനം കാഴ്ചവെച്ചു. പക്ഷേ ഉമേഷ് യാദവെറിഞ്ഞ അവസാന ഓവറിൽ 14 റൺസ് അടിച്ചെടുത്താണ് ഓസീസ് വിജയിച്ചത്.
ജയത്തിലും ആശ്വാസം കിട്ടുന്നില്ല ഓസീസിന്. അനായാസം ജയിക്കാമായിരുന്നു മത്സരം അവസാന പന്ത് വരെയെത്തിയത് അവരുടെ ദൗർബല്യം കാണിക്കുന്നു. ഡാർസി ഷോർട്ട്, ഗ്ലെൻ മാക്സ്വെൽ എന്നിവർക്കുമാത്രമാണ് ആദ്യ മത്സരത്തിൽ തിളങ്ങാനായത്. ബാക്കിയെല്ലാവരും പരാജയപ്പെട്ടു. പാറ്റ് കമ്മിൻസും ജെയ് റിച്ചാർഡ്സും അവസാന ഓവറിൽ മികച്ചുനിന്നതോടെയാണ് മത്സരത്തിൽ ഓസീസിന്റെ ജയം. കൂൾട്ടർനൈൽ നയിക്കുന്ന ബൗളിങ് വിശാഖപട്ടത്തിൽ മികച്ചുനിന്നു. ജാസൺ ബെഹറൻഡ്രോഫ്, പാറ്റ് കമ്മിൻസ് എന്നിവരും ഇന്ത്യൻ ബാറ്റ്സ്മാൻമാരെ വിറപ്പിച്ചു. ഈ ബൗളിങ് ലൈനപ്പിലാണ് ഓസ്ട്രേലിയയുടെ പ്രതീക്ഷ.
Post a Comment