ദക്ഷിണാഫ്രിക്കയിൽ ചരിത്രമെഴുതി ശ്രീലങ്ക. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഏഷ്യന്‍ ടീം



പോർട്ട് എലിസബത്ത്: തങ്ങളെ എഴുതിത്തള്ളിയ ക്രിക്കറ്റ് പണ്ഡിതരെ അദ്ഭുതപ്പെടുത്തി ദക്ഷിണാഫ്രിക്കൻ മണ്ണിൽ ചരിത്രമെഴുതി ശ്രീലങ്ക. രണ്ടാം ടെസ്റ്റിലെ എട്ടു വിക്കറ്റ് ജയത്തോടെ ദക്ഷിണാഫ്രിക്കൻ മണ്ണിൽ അവർക്കെതിരായ രണ്ടു മത്സര ടെസ്റ്റ് പരമ്പര ശ്രീലങ്ക തൂത്തുവാരി. ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് പരമ്പര വിജയിക്കുന്ന ആദ്യ ഏഷ്യൻ ടീമെന്ന നേട്ടവും ഇതോടെ ലങ്ക സ്വന്തമാക്കി.



രണ്ടാം ഇന്നിങ്സിൽ 197 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ശ്രീലങ്ക ഏകദിന ശൈലിയിൽ ബാറ്റുവീശിയാണ് വിജയത്തിലെത്തിയത്. 110 പന്തുകളിൽ നിന്ന് 13 ബൗണ്ടറിയടക്കം 84 റൺസെടുത്ത കുശാൽ മെൻഡിസും 106 പന്തുകളിൽ നിന്ന് 10 ബൗണ്ടറിയും രണ്ടു സിക്സും സഹിതം 75 റൺസെടുത്ത ഓഷാഡ ഫെർണാൻഡോയുമാണ് 45.4 ഓവറിൽ ലങ്കയെ ലക്ഷ്യത്തിലെത്തിച്ചത്. മൂന്നാം വിക്കറ്റിൽ ഇരുവരും 163 റൺസ് കൂട്ടിച്ചേർത്തു. നാലാം ഇന്നിങ്സിൽ ലങ്കയുടെ ഏറ്റവും ഉയർന്ന മൂന്നാമത്തെ കൂട്ടുകെട്ടാണിത്.

സ്കോർ: ദക്ഷിണാഫ്രിക്ക 222 & 128. ശ്രീലങ്ക 154 & 197/2

രണ്ടാം ദിനത്തിൽ മാത്രം 18 വിക്കറ്റുകളാണ് വീണത്. ആദ്യ ഇന്നിങ്സിൽ 222 റൺസെടുത്ത ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ 154 റൺസിന് പുറത്താക്കിയിരുന്നു. എന്നാൽ രണ്ടാം ഇന്നിങ്സിൽ തകർന്നടിഞ്ഞ ദക്ഷിണാഫ്രിക്ക വെറും 128 റൺസിന് പുറത്തായി. 197 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ലങ്ക രണ്ടിന് 60 റൺസെന്ന നിലയിലാണ് രണ്ടാം ദിനം അവസാനിപ്പിച്ചത്. മൂന്നാം ദിനം മെൻഡിസിന്റെയും ഫെർണാണ്ടോയുടെയും മികവിൽ വിക്കറ്റ് നഷ്ടപ്പെടുത്താതെ ലങ്ക വിജയത്തിലെത്തി.

ഡെയ്ൽ സ്റ്റെയ്നും കാഗിസോ റബാദയും കേശവ് മഹാരാജും ഉൾപ്പെടുന്ന ബൗളിങ് സഖ്യത്തെ ഉപയോഗിച്ച് മൂന്നാം ദിനം ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് പൊരുതി നോക്കിയെങ്കിലും മെൻഡിസ് - ഫെർണാണ്ടോ സഖ്യം ഉറച്ചുനിന്നതോടെ ലങ്ക വിജയം സ്വന്തമാക്കി.

Post a Comment

To Top