Responsive Ad

സെഞ്ചുറിയുമായി മാക്‌സ്‌വെല്‍ തിളങ്ങി; രണ്ടാം ട്വന്റി 20-യിൽ ഓസീസിന് മിന്നും ജയം, പരമ്പര



ബെംഗളൂരു:ഇന്ത്യൻ നായകൻ കോലിയുടെ ഇന്നിങ്സിന് മാക്സ്വെല്ലിന്റെ സെഞ്ചുറിയിലൂടെ ഓസീസ് മറുപടി നൽകിയപ്പോൾ രണ്ടാം ട്വന്റി 20-യിലും ഇന്ത്യയ്ക്ക് തോൽവി. ഏഴു വിക്കറ്റിനാണ് രണ്ടാം മത്സരത്തിൽ ഇന്ത്യ പരാജയപ്പെട്ടത്.



191 വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഓസീസ് രണ്ടു പന്തുകൾ ബാക്കിനിൽക്കെ ലക്ഷ്യത്തിലെത്തി. അവസാന ഓവറിൽ ജയിക്കാൻ വേണ്ട ഒമ്പത് റൺസ് വെറും നാലു പന്തുകളിൽ മാക്സ്വെൽ നേടി. തന്റെ മൂന്നാം ട്വന്റി 20 സെഞ്ചുറി കണ്ടെത്തിയ മാക്സ്വെൽ 55 പന്തിൽ നിന്ന് ഒമ്പത് സിക്സും ഏഴു ബൗണ്ടറികളും സഹിതം 113 റൺസെടുത്ത് പുറത്താകാതെ നിന്നു. രണ്ടു മത്സരങ്ങളടങ്ങിയ പരമ്പര ഇതോടെ ഓസീസ് 2-0 ന് സ്വന്തമാക്കി. നീണ്ട 11 വർഷങ്ങൾക്കു ശേഷമാണ് ഓസീസ് ഇന്ത്യയ്ക്കെതിരേ ട്വന്റി 20 പരമ്പര വിജയിക്കുന്നത്.



22 റൺസിനിടെ മാർക്കസ് സ്റ്റോയിനിസ് (7), ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (8) എന്നിവരെ നഷ്ടമായ ഓസീസിനെ മൂന്നാം വിക്കറ്റിൽ 73 റൺസ് കൂട്ടിച്ചേർത്ത ഡാർസി ഷോർട്ട് - ഗ്ലെൻ മാക്സ് വെൽ സഖ്യമാണ് മത്സരത്തിലേക്ക് തിരികെയെത്തിച്ചത്. 28 പന്തിൽ 40 റൺസുമായി ഷോർട്ട് മടങ്ങിയ ശേഷം പീറ്റർ ഹാൻഡ്സ്കോമ്പുമൊത്ത് മാക്സ് വെൽ ഓസീസ് ഇന്നിങ്സ് മുന്നോട്ടു നയിച്ചു. നാലാം വിക്കറ്റിൽ ഇരുവരും 52 പന്തിൽ 99 റൺസാണ് കൂട്ടിച്ചേർത്തു. 18 പന്തിൽ നിന്ന് 20 റൺസുമായി ഹാൻഡ്സ്കോമ്പ് പുറത്താകാതെ നിന്നു. ഇന്ത്യൻ ബൗളർമാരിൽ യുസ്വേന്ദ്ര ചാഹലാണ് കൂടുതൽ അടി വാങ്ങിയത്. നാല് ഓവറിൽ 47 റൺസ്. ക്രുനാൽ പാണ്ഡ്യ 33 റൺസും സിദ്ധാർഥ് കൗൾ 3.4 ഓവറിൽ 45 റൺസും വഴങ്ങി. നാല് ഓവറിൽ 30 റൺസ് മാത്രം വഴങ്ങിയ ജസ്പ്രീത് ബുംറയാണ് കുറച്ച് തല്ലു വാങ്ങിയത്.

നേരത്തെ 38 പന്തിൽ നിന്ന് ആറു സിക്സും രണ്ടു ബൗണ്ടറിയും സഹിതം 72 റൺസെടുത്ത ക്യാപ്റ്റൻ വിരാട് കോലി, 23 പന്തിൽ നിന്ന് മൂന്നു വീതം സിക്സറുകളും ബൗണ്ടറികളുമടക്കം 40 റൺസെടുത്ത ധോനി, 26 പന്തിൽ നിന്ന് നാലു സിക്സും മൂന്നു ബൗണ്ടറികളുമടക്കം 47 റൺസെടുത്ത ലോകേഷ് രാഹുൽ എന്നിവരുടെ മികവിലാണ് ഇന്ത്യ നിശ്ചിത 20 ഓവറിൽ ഇന്ത്യ നാലു വിക്കറ്റിന് 190 റൺസെടുത്തത്. നാലാം വിക്കറ്റിൽ ഒത്തു ചേർന്ന കോലി - ധോനി സഖ്യം 53 പന്തിൽ നിന്ന് 100 റൺസ് അടിച്ചു കൂട്ടി. മൂന്നു പന്തിൽ നിന്ന് എട്ടു റൺസെടുത്ത ദിനേഷ് കാർത്തിക്ക് പുറത്താകാതെ നിന്നു.

ആദ്യ മത്സരത്തിലെ മെല്ലപ്പോക്കിന്റെ കേടു തീർക്കുന്നതായിരുന്നു ധോനിയുടെ ഇന്നിങ്സ്. 23 പന്തിൽ നിന്ന് 40 റൺസെടുത്ത ധോനി അവസാന ഓവറിലാണ് പുറത്താകുന്നത്. ട്വന്റി 20-യിൽ തന്റെ 20-ാം അർധ സെഞ്ചുറി തികച്ച കോലിയാണ് ഇന്ത്യൻ ഇന്നിങ്സിൽ വെടിക്കെട്ടുതീർത്തത്. ട്വന്റി 20-യിൽ ഏറ്റവും കൂടുതൽ അർധസെഞ്ചുറികൾ നേടുന്ന താരമെന്ന രോഹിത് ശർമയുടെ റെക്കോർഡിനൊപ്പമെത്താനും കോലിക്കായി.

ഓപ്പണിങ് വിക്കറ്റിൽ രാഹുൽ - ധവാൻ സഖ്യം 61 റൺസ് കൂട്ടിച്ചേർത്തു. ശിഖർ ധവാൻ (14), ഋഷഭ് പന്ത് (1) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. 26 പന്തിൽ 47 റൺസെടുത്ത രാഹുലിനെ കോൾട്ടർ നെയ്ൽ റിച്ചാഡ്സണിന്റെ കൈകളിലെത്തിച്ചു. 24 പന്തിൽ 14 റൺസെടുത്ത ധവാനെ ബെഹ്റെൻഡോർഫാണ് പുറത്താക്കിയത്. പുറത്താക്കി. തുടർച്ചയായ രണ്ടാം മത്സരത്തിലും ടോസ് നേടിയ ഓസീസ് നായകൻ ആരോൺ ഫിഞ്ച് ആദ്യ മത്സരത്തിലേതിനു സമാനമായി ഇന്ത്യയെ ബാറ്റിങ്ങിനു വിടുകയായിരുന്നു.

Post a Comment

0 Comments