Responsive Ad

ആദ്യം എറിഞ്ഞിട്ടു, പിന്നെ അടിച്ചൊതുക്കി; ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ



മുംബൈ: രണ്ടാം ഏകദിനത്തിൽ ഇംഗ്ലണ്ട് വനിതകളെ ഏഴു വിക്കറ്റിനു തകർത്ത് ഇന്ത്യ. ആദ്യ ഏകദിനവും വിജയിച്ച ഇന്ത്യ ഇതോടെ ഇംഗ്ലണ്ടിനെതിരായ മൂന്നു മത്സര ഏകദിന പരമ്പര സ്വന്തമാക്കി.



മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ആധികാരികമായിട്ടായിരുന്നു ഇന്ത്യൻ വിജയം. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ട് വനിതകളെ നാലു വിക്കറ്റ് വീതം നേടിയ ജുലൻ ഗോസ്വാമിയും ശിഖ പാണ്ഡെയും ചേർന്ന് 161 റൺസിന് പുറത്താക്കി. 10 ഓവറിൽ വെറും 18 റൺസ് മാത്രം വഴങ്ങി നാലു വിക്കറ്റ് പിഴുത ശിഖയുടെ പ്രകടനം ശ്രദ്ധേയമായി. ഗോസ്വാമി 8.3 ഓവറിൽ 30 റൺസ് വഴങ്ങി നാലു വിക്കറ്റെടുത്തു. ഒൻപത് ഓവറിൽ 28 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് പിഴുത പൂനം യാദവും ബൗളിങ്ങിൽ തിളങ്ങി.

162 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 41.1 ഓവറിൽ മൂന്നുവിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി വിജയത്തിലെത്തി. ഇന്ത്യയ്ക്കായി സ്മൃതി മന്ദാന 74 പന്തിൽ ഏഴു ബൗണ്ടറിയും ഒരു സിക്സും സഹിതം 63 റൺസെടുത്തു. ഓപ്പണർ ജമീമ റോഡ്രിഗസ് പൂജ്യത്തിനു പുറത്തായെങ്കിലും രണ്ടാം വിക്കറ്റിൽ പൂനം റാവത്തിനൊപ്പവും, മൂന്നാം വിക്കറ്റിൽ ക്യാപ്റ്റൻ മിതാലി രാജിനുമൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ടുകൾ തീർത്ത് സ്മൃതി ഇന്ത്യയെ വിജയത്തിലെത്തിക്കുകയായിരുന്നു. പൂനം റാവത്ത് 65 പന്തിൽ നാലു ബൗണ്ടറി സഹിതം 32 റൺസെടുത്തു പുറത്തായി. മിതാലി രാജ് 69 പന്തിൽ എട്ടു ബൗണ്ടറി സഹിതം 47 റൺസോടെയും ദീപ്തി ശർമ 29 പന്തിൽ ആറു റൺസോടെയും പുറത്താകാതെ നിന്നു.

ഇംഗ്ലണ്ടിനായി 109 പന്തിൽ നിന്ന് 85 റൺസെടുത്ത നതാലി സീവർ മാത്രമാണ് അൽപ്പമെങ്കിലും പിടിച്ചുനിന്നത്. 12 ബൗണ്ടറിയും ഒരു സിക്സും അടക്കമാണ് നതാലി 85 റൺസെടുത്തത്. നതാലിക്കു പുറമെ ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കടന്നത് രണ്ടു താരങ്ങൾ മാത്രമാണ്. ഓപ്പണർ ടാമി ബ്യൂമോണ്ട് 42 പന്തിൽ മൂന്നു ബൗണ്ടറികളോടെ 20 റൺസും ലോറൻ വിൻഫീൽഡ് 49 പന്തിൽ നാലു ബൗണ്ടറി സഹിതം 28 റൺസുമെടുത്തു.

Post a Comment

0 Comments