Responsive Ad

തിരിച്ചടിക്കാനൊരുങ്ങി ഇന്ത്യ; ഓസ്ട്രേലിയയ്ക്കെതിരായ രണ്ടാം ട്വന്റി20 ഇന്ന്ബെംഗളൂരു:ലോകകപ്പിനുള്ള ടീം ഏറെക്കുറെ ആയിക്കഴിഞ്ഞു എന്ന് ഇന്ത്യൻ ടീം ക്യാപ്റ്റൻ വിരാട് കോഹ്‌ലി പറഞ്ഞു കഴിഞ്ഞു. ‘ഏറെക്കുറെ’ എന്നത് ഇന്ത്യൻ യുവതാരങ്ങൾക്കുള്ള പ്രതീക്ഷയാണ്. അതായത് ഈ പരമ്പരയിലും വരുന്ന ഐപിഎലിലും ഉജ്വലപ്രകടനം കാഴ്ച വച്ചാൽ ഇനിയും ടീമിൽ കയറിപ്പറ്റാം എന്നർഥം.  അതിനേറ്റവും പറ്റിയ ദിനങ്ങളിലൊന്ന് ഇന്നാണ്. ലോകം കീഴടക്കി തിരിച്ചെത്തിയ ശേഷം നാട്ടിൽ പരമ്പര നഷ്ടപ്പെടുന്നതിന്റെ വക്കിലാണ് ഇന്ത്യ. മൽസരം രാത്രി ഏഴു മുതൽ. സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തൽസമയം.ഇന്ത്യയ്ക്ക് ആശങ്കപ്പെടാനും ആശ്വസിക്കാനും കാര്യങ്ങളുണ്ട് വിശാഖപ്പട്ടണത്തിലെ ആദ്യ കളിയിൽ. ബാറ്റിങ് നിരയിലെ അസ്ഥിരതയാണ് പ്രധാന പ്രശ്നം. എന്നാൽ 126 പോലെ ചെറിയ സ്കോറായിട്ടും ബോളിങ് നിര മൽസരം അവസാനപന്തു വരെ നീട്ടിയെടുത്തു. ജസ്പ്രീത് ബുമ്രയുടെ ഉജ്വല ബോളിങ് ഇന്ത്യൻ ആരാധകർക്കു നൽകിയ സന്തോഷം ചെറുതല്ല. എന്നാൽ ഉമേഷ് യാദവിന്റെ ബോളിങ് നൽകിയ നിരാശയും അതുപോലെ തന്നെ. 19–ാം ഓവറിൽ വെറും രണ്ടു റൺസാണ് ബുമ്ര വിട്ടു കൊടുത്തത്. എന്നാൽ 20–ാം ഓവറിൽ‌ ഉമേഷ് വഴങ്ങിയത് 14 റൺസ്.

ഉമേഷിനു പകരം പേസർ സിദ്ദാർഥ് കൗളിനോ അല്ലെങ്കിൽ ബാറ്റിങ് ശക്തിപ്പെടുത്താൻ ഔൾറൗണ്ടർ വിജയ് ശങ്കറിനോ ഇന്ന് അവസരം കിട്ടിയേക്കാം. വിശാഖപ്പട്ടണത്ത് ഒൻപത് ഓവറിൽ ഒന്നിന് 69 എന്ന നിലയിൽ നിന്നാണ് ഇന്ത്യ തകർന്നടിഞ്ഞത്. വിശാഖപട്ടണത്തു നിന്നു വിപരീതമായി ചിന്നസ്വാമി സ്റ്റേഡിയത്തിലെ പിച്ചിൽ റണ്ണൊഴുകുമെന്നാണ് പ്രവചനം.


കെ.എൽ രാഹുൽ, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക് എന്നിവരാണ് ലോകകപ്പ് ടീമിൽ സ്ഥാനം ഉറപ്പിക്കാൻ വെമ്പുന്നവർ. ടിവി ഷോയിലെ വിവാദ പരാമർശങ്ങളെത്തുടർന്നുള്ള വിലക്കിനു ശേഷമുള്ള അവസരം രാഹുൽ ആദ്യ ട്വന്റി20യിൽ മുതലാക്കി– 36 പന്തിൽ 50 റൺസ്. പന്തും കാർത്തികും തമ്മിൽ രണ്ടാം വിക്കറ്റ് കീപ്പർക്കുള്ള മൽസരം ഇപ്പോഴും നിലവിലുണ്ട്. റൺനേട്ടത്തിൽ ഓസ്ട്രേലിയയിലും ന്യൂസീലൻഡിലും ധോണി തിളങ്ങിയെങ്കിലും ബാറ്റിങ്ങിലെ മെല്ലെപ്പോക്ക് ഇപ്പോഴും വിമർശന വിധേയമാകുന്നു. വിശാഖപ്പട്ടണത്ത് 37 പന്തിൽ നിന്നാണ് ധോണി 29 റൺസ് നേടിയത്. ആദ്യ കളിയിൽ വിക്കറ്റൊന്നും വീഴ്ത്തിയില്ലെങ്കിലും നന്നായി പന്തെറിഞ്ഞ മായങ്ക് മാർക്കണ്ഡെയ്ക്ക് ഇന്നും അവസരം കിട്ടിയേക്കും. സ്വന്തം നാട്ടിലെ തോൽവികൾക്ക് പകരം വീട്ടാനുള്ള അവസരം ഒത്തു വന്നതിന്റെ സന്തോഷത്തിലാണ് ഓസ്ട്രേലിയ. കഴിഞ്ഞ കളിയിൽ 43 പന്തിൽ 56 റൺസടിച്ച ഗ്ലെൻ മാക്സ്‌വെൽ തന്നെ വലിയ പ്രതീക്ഷ.


ടീം ഇന്ത്യ ഇവരിൽ നിന്നും

വിരാട് കോഹ്‌ലി (ക്യാപ്റ്റൻ), കെ.എൽ രാഹുൽ, ശിഖർ ധവാൻ, ഋഷഭ് പന്ത്, ദിനേഷ് കാർത്തിക്, എം.എസ് ധോണി, ക്രുനാൽ പാണ്ഡ്യ, വിജയ് ശങ്കർ, യുസ്‌വേന്ദ്ര ചാഹൽ, ജസ്പ്രീത് ബുമ്ര, ഉമേഷ് യാദവ്, സിദ്ദാർഥ് കൗൾ, മായങ്ക് മാർക്കണ്ഡെ.

full-width

Post a Comment

0 Comments