ഓസ്ട്രേലിയക്കെതിരായ പരമ്പര; ആദ്യ മത്സരത്തിന് മുൻപെ ഇന്ത്യക്ക് തിരിച്ചടി; ഹര്‍ദ്ദിക് പാണ്ഡ്യ പുറത്ത്
മുംബൈ: ഓസ്ട്രേലിയക്കെതിരായ ഏകദിന, ടി20 പരമ്പര തുടങ്ങും മുൻപെ ഇന്ത്യക്ക് കനത്ത തിരിച്ചടിയായി ഓള്‍ റൗണ്ടര്‍ ഹര്‍ദ്ദിക് പാണ്ഡ്യയുടെ പരിക്ക്. നടുവിനേറ്റ പരിക്കിനെത്തുടര്‍ന്ന് പാണ്ഡ്യയെ ഓസ്ട്രേലിയക്കെതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കി. പാണ്ഡ്യക്ക് പകരം രവീന്ദ്ര ജഡേജയെ ഏകദിന പരമ്പരക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തി.
ടി20 ടീമില്‍ പാണ്ഡ്യക്ക് പകരക്കാരെ ആരെയും പ്രഖ്യാപിച്ചിട്ടില്ല. ടിവി ഷോയിലെ പരാമര്‍ശങ്ങള്‍ വിവാദമായതിനെ തുടര്‍ന്ന് ഓസ്ട്രേലിയന്‍ പര്യടനത്തിനിടെ പാണ്ഡ്യയെ ബിസിസിഐ തിരിച്ചുവിളിക്കുകയും വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍ പാണ്ഡ്യക്കും സഹതാരം കെ എല്‍ രാഹുലിനുമെതിരായ അന്വേഷണം നീണ്ടുപോയതോടെ പാണ്ഡ്യയെ ന്യൂസിലന്‍ഡിനെതിരായ പരമ്പരക്കുള്ള ടീമില്‍ വീണ്ടും ഉള്‍പ്പെടുത്തി.
ന്യൂസിലന്‍ഡിനെതിരെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത പാണ്ഡ്യ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമത്തിനിടെയാണ് പരിക്ക് വീണ്ടും വില്ലനായത്. പേസ് ബൗളിംഗ് ഓള്‍ റൗണ്ടറായ പാണ്ഡ്യയുടെ സാന്നിധ്യം ഇന്ത്യന്‍ ടീമിന്റെ സന്തുലനത്തില്‍ നിര്‍ണായകമാണ്. മെയില്‍ ഇംഗ്ലണ്ടില്‍ നടക്കുന്ന ലോകകപ്പിനുള്ള ടീമിലും പാണ്ഡ്യയുടെ സാന്നിധ്യം അനിവാര്യമാണ്.
Post a Comment