രണ്ടാം പാദത്തിലെ ഗംഭീര തിരിച്ചുവരവിൽ പ്രീ ക്വാർട്ടറിലേക്ക് കുതിച്ച് ആഴ്‌സണൽ
യൂറോപ്പ ലീഗിൽ ആദ്യ പാദത്തിലേറ്റ തോൽവിക്ക് മറുപടി നൽകികൊണ്ട് ആഴ്‌സണലിന് മികച്ച ജയം. രണ്ടാം പാദത്തിൽ ഏകപക്ഷീയമായ മൂന്ന് ഗോളുകൾക്കായിരുന്നു ബേറ്റിനെതിരെ ആഴ്‌സണലിന്റെ ജയം. ഇതോടെ രണ്ടു പാദങ്ങളിലുമായി ആഴ്‌സണൽ 3-1ന് ജയിച്ചാണ് പ്രീ ക്വാർട്ടർ ഉറപ്പിച്ചത്.. ആദ്യ പാദത്തിൽ ഏവരെയും ഞെട്ടിച്ചുകൊണ്ട് ബേറ്റ് ആഴ്‌സണലിനെതിരെ ഒരു ഗോളിന് ജയിച്ചിരുന്നു.
മത്സരത്തിന്റെ തുടക്കം മുതൽ ഒടുക്കം വരെ ആഴ്‌സണൽ ആധിപത്യമാണ് ഇന്ന് കണ്ടത്. മത്സരം തുടങ്ങി നാലാം മിനുട്ടിൽ തന്നെ ആഴ്‌സണൽ ഗോൾ നേടി. ഓബാമയങ്ങിന്റെ ക്രോസ് തടയാൻ ശ്രമിച്ച വോൾക്കോവിന്റെ ശ്രമം സ്വന്തം പോസ്റ്റിൽ തന്നെ പതിക്കുകയായിരുന്നു. തുടർന്നും ആഴ്‌സണൽ നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ പിറന്നില്ല.
തുടർന്ന് ആദ്യ പകുതിയുടെ അവസാന ഘട്ടത്തിലാണ് ആഴ്‌സണൽ മത്സരത്തിൽ ലീഡ് നേടിയത്. ചാക്കയുടെ ക്രോസിന് തലവെച്ച് കൊണ്ട് മുസ്താഫിയാണ് ആഴ്‌സണലിന്റെ ഗോൾ നേടിയത്. ഇരു പാദങ്ങളിലുമായി ആഴ്‌സണൽ ലീഡ് നേടിയെങ്കിലും ബൈറ്റിന്റെ ഒരു ഗോൾ മത്സരത്തിന്റെ ഗതി മാറ്റുമെന്ന് കരുതിയിരിക്കെ പകരക്കാരനായി ഇറങ്ങിയ സോക്രടീസ് ആഴ്‌സണലിന് മൂന്നാമത്തെ ഗോൾ നേടി കൊടുത്തു. ഇത്തവണയും ചാക്കയുടെ കോർണറിന്റെ അവസാനമാണ് സോക്രടീസ് ഗോൾ നേടിയത്.
Post a Comment