അവസാന നിമിഷം കലമുടച്ച് കാലിക്കറ്റ് ഹീറോസ്; പ്രഥമ പ്രോ വോളി കിരീടം ചെന്നൈ സ്പാര്‍ട്ടന്‍സിന്


ചെന്നൈ: കാലിക്കറ്റ് ഹീറോസിനെ ഏകപക്ഷീമായ മൂന്നു സെറ്റുകൾക്ക് തകർത്ത് ചെന്നൈ സ്പാർട്ടൻസിന് പ്രഥമ പ്രോ വോളി കിരീടം. ടൂർണമെന്റിൽ ഉടനീളം മികച്ച ഫോമിൽ കളിച്ച കാലിക്കറ്റ് ഹീറോസിന്റെ നിഴലുമാത്രമായിരുന്നു ഇന്ന് ചെന്നൈയിൽ കണ്ടത്.



ഹോം ഗ്രൗണ്ടായ ജവാഹർലാൽ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിലെ കാണികളുടെ പിന്തുണ ചെന്നൈ നന്നായി മുതലാക്കി. നേരിട്ടുള്ള സെറ്റുകൾക്കാണ് അവർ കാലിക്കറ്റ് ഹീറോസിനെ തകർത്തത്. ആദ്യ മൂന്നു സെറ്റുകളും സ്വന്തമാക്കി ചെന്നൈ കിരീടത്തിൽ മുത്തമിട്ടു. സ്കോർ: 11-15, 12-15, 14-16.

ടൂർണമെന്റിൽ ഇതുവരെ ഒരു മത്സരം പോലും തോൽക്കാത്ത ടീമായിരുന്നു കാലിക്കറ്റ് ഹീറോസ്. മറുവശത്ത് ഗ്രൂപ്പ് ഘട്ടത്തിൽ മൂന്നു കളികൾ തോറ്റ ടീമാണ് ചെന്നൈ. ടൂർണമെന്റിലെ തന്നെ രണ്ടാമത്തെ മത്സരത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഒന്നിനെതിരേ നാലു സെറ്റുകൾക്ക് കാലിക്കറ്റിനായിരുന്നു വിജയം. എന്നാൽ വെള്ളിയാഴ്ച ജെറോം വിനീത്, പോൾ ലോട്ട്മാൻ, അജിത്ത് ലാൽ എന്നിവർ നിറം മങ്ങിയപ്പോൾ കാലിക്കറ്റിന് ജയം കൈവിട്ടു.

യു മുംബൈയെ ഏകപക്ഷീമായ മൂന്നു സെറ്റുകൾക്ക് തോൽപ്പിച്ചായിരുന്നു കാലിക്കറ്റ് ഹീറോസിന്റെ ഫൈനൽ പ്രവേശനം. കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ രണ്ടിനെതിരേ മൂന്നു സെറ്റുകൾക്ക് തോൽപ്പിച്ചാണ് ചെന്നൈ സ്പാർട്ടൻസ് ഫൈനലിൽ പ്രവേശിച്ചത്. സെമിയിൽ കൊച്ചിക്കെതിരേ തകർപ്പൻ പ്രകടനം കാഴ്ചവെച്ച ചെന്നൈയുടെ റൂഡി വെർഹോഫ്, റസ്ലാൻസ് സൊറോക്കിൻസ് എന്നിവർ ഫൈനലിലും അതേ മികവ് ആവർത്തിച്ചു.

Post a Comment

To Top