ആവേശം അവസാന പന്തു വരെ; ആദ്യ ട്വന്റി 20-യില്‍ ഇന്ത്യക്ക് തോൽവി


വിശാഖപട്ടണം: ഇന്ത്യയ്ക്കെതിരായ ഒന്നാം ട്വന്റി 20-യിൽ ഓസീസിന് മൂന്നു വിക്കറ്റ് ജയം. അവസാന ഓവറിൽ വിജയിക്കാനാവശ്യമായ 14 റൺസ് അടിച്ചെടുത്താണ് ഓസീസ് വിജയം പിടിച്ചെടുത്തത്. പാറ്റ് കമ്മിൻസും ജേ റിച്ചാഡ്സണുമാണ് ഉമേഷ് യാദവിന്റെ അവസാന ഓവറിലെ അവസാന പന്തിൽ ഓസീസിനെ വിജയത്തിലെത്തിച്ചത്. ഇരുവരും ഏഴു റൺസുമായി പുറത്താകാതെ നിന്നു.ഇന്ത്യ ഉയർത്തിയ 127 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസീസ് ഒരു ഘട്ടത്തിൽ അഞ്ചു റൺസിന് രണ്ടു വിക്കറ്റ് നഷ്ടപ്പെട്ട് തകർച്ചയെ മുന്നിൽ കണ്ടിരുന്നു. എന്നാൽ മൂന്നാം വിക്കറ്റിൽ ഒത്തുചേർന്ന ഗ്ലെൻ മാക്സ് വെൽ - ഡാർസി ഷോർട്ട് സഖ്യം അവരെ രക്ഷിച്ചു. ഇരുവരും 84 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഷോർട്ട് 37 പന്തിൽ 37 റൺസും മാക്സ് വെൽ 43 പന്തിൽ 56 റൺസുമെടുത്തു. മാർക്കസ് സ്റ്റോയിനിസ് (1), ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (0), ആഷ്ടൺ ടർണർ (0), കോൾട്ടർ നെയ്ൽ (4) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് നഷ്ടമായത്.

ഇന്ത്യയ്ക്കായി ബുംറ നാല് ഓവറിൽ വെറും 16 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്നു വിക്കറ്റെടുത്തു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തിൽ 126 റൺസെടുത്തിരുന്നു.

ഇന്ത്യയ്ക്കായി തിരിച്ചുവരവ് ആഘോഷമാക്കിയ ലോകേഷ് രാഹുൽ 36 പന്തിൽ നിന്ന് ഒരു സിക്സും ആറു ബൗണ്ടറിയുമടക്കം 50 റൺസ് നേടി. ഓപ്പണർ രോഹിത് ശർമ (5), ക്യാപ്റ്റൻ വിരാട് കോലി (24), ഋഷഭ് പന്ത് (3), ദിനേഷ് കാർത്തിക് (1), ക്രുനാൽ പാണ്ഡ്യ (1), ഉമേഷ് യാദവ് എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്.

രണ്ടാം വിക്കറ്റിൽ രാഹുൽ -കോലി സഖ്യം വെറും 37 പന്തിൽ നിന്ന് 55 റൺസ് ചേർത്ത ശേഷമായിരുന്നു ഇന്ത്യയുടെ തകർച്ച. ഇവർക്കു ശേഷം പിന്നീട് രണ്ടക്കം കണ്ടത് 37 പന്തിൽ 29 റൺസെടുത്ത ധോനി മാത്രമാണ്. ഓസ്ട്രേലിയക്കായി നഥാൻ കോൾട്ടർ നെയ്ൽ നാല് ഓവറിൽ 26 റൺസ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു.

Post a Comment

0 Comments